Sunday, November 25, 2012

അവസാനത്തെ ഇലയും കാറ്റെടുക്കുമ്പോള്‍...!


When the wind takes away the last leaf, when the naked trees shiver in cold, there you hear the jingle bells,see the snow-white streets and taste of Red Wine with the fragrance of dark chocolates!
Yess....it is the time for one more Christmas.....!

Sunday, October 14, 2012

മേഘങ്ങള്‍ക്ക് മുകളില്‍!


മേഘമാലകള്‍ക്ക് മുകളില്‍ മൌനത്തിന്‍റെ പരന്ന കടല്‍....ഇടയില്‍ പര്‍വതശൃംഗങ്ങളുടെ ഒറ്റപ്പെട്ട തുരുത്തുകള്‍.
കണ്ണെത്താതെ നിറഞ്ഞുകിടന്ന കാഴ്ചയുടെ അനുഭവം മനസ്സിലെടുത്ത് തിരിച്ചിറങ്ങി...മടങ്ങിവരാന്‍...തനിയെയല്ലാതെ!

Saturday, July 28, 2012

നാട്ടുകാഴ്ചകള്‍ - 2

     രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലെ ഒരു വഴിയുടെ കഥയാണിത്‌ . ആ വഴിയിലൂടെ നടന്നുതീര്‍ത്ത ഒരു ജീവിതത്തിന്‍റെയും.

    വടക്കെ അമ്പലത്തിന്‍റെ മുന്നിലുള്ള കുളം കഴിഞ്ഞാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന അരയാല്‍ മരമാണ്. നൂറ്റാണ്ടുകളുടെ കാറ്റും കൊണ്ട് അതിപ്പോഴും ഇലപൊഴിക്കുകയും വീണ്ടും തളിര്‍ക്കുകയും ചെയ്യുന്നു.ആല്‍ത്തറയെ ചുറ്റി ഇറങ്ങുന്ന വഴിയിലൂടെ നടന്നാല്‍ പുഞ്ചപ്പാടമായി. പാടവരമ്പിലൂടെ നടന്ന് അക്കരെ തോടിന്‍റെ കരപറ്റി ഉയര്‍ന്ന വഴിയിലൂടെ കിഴക്കോട്ട് പോകുന്നു ആ വഴി. തോട് മുറിച്ചുകടന്ന് കേറിചെല്ലുന്നത് തൂശ്യെരത്തപ്പന്‍റെ നടയിലേക്കാണ്. അവിടുത്തെ ആലിനും ഉണ്ട് മൂന്നുനാല് നൂറ്റാണ്ടിന്‍റെ ചെറുപ്പം..!

   ഇടവപ്പാതി കഴിഞ്ഞാല്‍ പുഞ്ചപ്പാടം നിറഞ്ഞു കവിയും.പാടവും തോടുമെല്ലാം ഒന്നാവും.അതുവരെ നടന്നവരുടെ കാല്പാടുകള്‍ അതില്‍ അലിഞ്ഞു ചേരും.

   മേല്‍പ്പറഞ്ഞപോലെ ഈ വഴിയിലൂടെ ജീവിതം നടന്നുതീര്‍ത്ത വ്യക്തിയാണ് കുഞ്ഞപ്ഫന്‍.നടന്നതത്രയും പുഞ്ചപ്പാടം മായ്ച്ചുകളഞ്ഞിരിക്കുന്നു.

   രണ്ട് അമ്പലങ്ങളിലും ശാന്തിയുണ്ടായിരുന്ന കുഞ്ഞപ്ഫന്‍ തൂശ്യെരത്തെ ശാന്തിയും കഴിഞ്ഞ് പടച്ചോറുമായി തോട്ടുവരമ്പത്തുകൂടി നടന്നുപോകുന്ന രംഗം അച്ഛന്‍ പറഞ്ഞുകേട്ട ഓര്‍മയായി എനിക്ക് മനസ്സില്‍ കാണാം. സംസ്കൃതത്തിലും മലയാളത്തിലും ഒക്കെ ശ്ലോകങ്ങള്‍ ഉറക്കെ ചൊല്ലി ആവും ആ നടത്തം.ശാന്തി കഴിഞ്ഞുള്ള നേരം ആല്‍ത്തറയില്‍ ചീട്ടുകളിയും വെടിവട്ടവുമായി കൂടുന്ന തീര്‍ത്തും ശുദ്ധനും സാത്വികനുമായ ഒരു അപ്ഫന്‍നമ്പൂരി.

   ഇടക്കൊരിക്കല്‍ "ശുദ്ധം പോരാ..." എന്നുപറഞ്ഞ് അദേഹത്തെ ശാന്തിയില്‍നിന്നു വിലക്കി. പിന്നീട് വന്ന രണ്ടു ശാന്തിക്കാര്‍ ആരോഗ്യപ്രശ്നങ്ങള്‍ നിമിത്തം തുടരാന്‍ കഴിയാതെ വരികയും, ഒടുവില്‍ കുഞ്ഞപ്ഫനെ തന്നെ ശാന്തി വീണ്ടും ഏല്പിക്കുകയും ആയിരുന്നുവത്രേ!
ത്രിക്കരങ്ങാട്ടപ്പാന്  "കുഞ്ഞപ്ഫന്‍ തന്നെ വേണം ശാന്തിക്ക്" എന്ന് തോന്നി കാണുമോ..?!

  മാസത്തിലൊരിക്കല്‍ വൈദ്യരെ കാണുന്ന പതിവുണ്ട് അദേഹത്തിന്. ഒരിക്കല്‍ പതിവുപോലെ പ്രാതല്‍ കഴിഞ്ഞ് പട്ടാമ്പിക്ക് ബസ് കയറി വൈദ്യരുടെ അടുത്തെത്തി കാത്തിരിക്കുമ്പോള്‍ പിന്നില്‍ മരണം വന്നു വിളിച്ചു. ജീവിതത്തില്‍ നിന്ന് അനായാസമായുള്ള ഒരു ഇറങ്ങിപ്പോക്ക്!

  നിസ്വാര്‍ത്ഥനും നിഷ്കളങ്കനുമായ കുഞ്ഞപ്ഫന്റെ ജീവിതത്തെക്കുറിച്ച് അച്ഛന്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ അതിനു ഒരു ഐതിഹ്യകഥയുടെ കൌതുകം ഉണ്ടായിരുന്നു. നടന്നുപോയ വഴികളില്‍ കാലം മായ്ക്കാതെ വച്ചത് കുഞ്ഞപ്ഫനെ കുറിച്ചുള്ള ഇത്തരം ഓര്‍മച്ചിത്രങ്ങളാണ്.....

 നാട്ടുകാഴ്ചകള്‍ -1